ത്രെഡ് ചെയ്യാതെ പുരികം നല്ല ഷെയ്‌പ്പാക്കാം; കാപ്പിപ്പൊടി വിദ്യ പരീക്ഷിച്ച് നോക്കാം

എത്ര സമയമെടുത്ത് ഒരുങ്ങിയാലും പുരികം കട്ടിയില്ലെങ്കിൽ എന്തോ ഒരു കുറവുള്ളതുപോലെ മിക്കവരുടെയും മുഖത്ത് തോന്നിക്കാറുണ്ട്. പുരികത്തിന് കട്ടി തോന്നിക്കാനായി ഐബ്രോ പെൻസിൽ, ഐബ്രോ ജെൽ തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കുന്നവരും ധാരാളമുണ്ട്.
എന്നാൽ, ഇത്തരത്തിലുള്ള സാധനങ്ങൾ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ വിചാരിക്കുന്ന ഫലം കിട്ടില്ല. ഈ മാർഗങ്ങളൊന്നുമില്ലാതെ പുരികം എങ്ങനെ നാച്വറലായി ഭംഗിയുള്ളതും കട്ടിയുള്ളതുമാക്കാം എന്നതിനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഇത് ശരിയായി ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് പുരികം ത്രെഡ് ചെയ്യേണ്ട ആവശ്യം പോലും വരുന്നില്ല. ഇത് ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
കാപ്പിപ്പൊടി - കാൽ ടീസ്പൂൺ
വെളിച്ചെണ്ണ - 3 തുള്ളി
കറ്റാർവാഴ ജെൽ - 2 ടീസ്പൂൺ
വൈറ്റമിൻ ഇ കാപ്സ്യൂൾ - 2 എണ്ണം
തയ്യാറാക്കുന്ന വിധം
സ്‌ക്രബും ക്രീമുമാണ് തയ്യാറാക്കേണ്ടത്. സ്‌ക്രബ് തയ്യാറാക്കുന്നതിനായി കാപ്പിപ്പൊടിയും വെളിച്ചെണ്ണയും നന്നായി യോജിപ്പിക്കുക. ഇത് തയ്യാറാക്കിയ ഉടൻ തന്നെ ഉപയോഗിക്കണം. കറ്റാർവാഴ ജെല്ലും വൈറ്റമിൻ ഇ കാപ്‌സ്യൂളും നന്നായി യോജിപ്പിച്ചാൽ വെള്ള നിറത്തിലുള്ള ക്രീം ലഭിക്കുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
സ്‌ക്രബ് പുരികത്ത് നന്നായി തേച്ച് അഞ്ച് സ്‌ക്രബ് ചെയ്യുക. ഒരുപാട് അമർത്തി ഉരയ്‌ക്കാൻ പാടില്ല. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ പുരികത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും പുതിയ രോമങ്ങൾ വളരാനും സഹായിക്കുന്നു. ശേഷം മുഖം നന്നായി കഴുകണം. പുരികത്തുണ്ടായിരുന്ന എണ്ണമയം മാറുന്നതിനായി ഫേസ്‌വാഷ് ഉപയോഗിക്കാവുന്നതാണ്. ഈർപ്പമില്ലാത്ത പുരികത്തിലേയ്ക്ക് ക്രീം തേച്ച് പിടിപ്പിക്കണം. രാവിലെ ഉറക്കം ഉണരുമ്പോൾ കഴുകി കളയാവുന്നതാണ്.