അരിക് മൊരിഞ്ഞ മൃദുലമായ അപ്പം കിട്ടുന്നില്ലേ?; ഒരൊറ്റ കാര്യം ചെയ്‌താൽ മാത്രം മതി

നല്ല പഞ്ഞിപോലെ മൃദുലമായ അപ്പം കഴിക്കുന്നത് ആലോചിക്കുമ്പോൾ തന്നെ മിക്കവർക്കും കൊതി വരും. ചെറുചൂടോടെ സ്റ്റൂവിനൊപ്പമോ ചിക്കൻ കറിക്കോ ബീഫ് റോസ്റ്റിനോ ഒപ്പം കഴിക്കാനായിരിക്കും മിക്കവർക്കും ഇഷ്ടം. എന്നാൽ ചിലപ്പോഴോക്കെ അപ്പം ഉണ്ടാക്കുമ്പോൾ ദോശയുടെ രൂപത്തിലായിരിക്കും കിട്ടുക. അരിക് മൊരിഞ്ഞ് നല്ല ഷെയ്‌പ്പിൽ കിട്ടില്ല. ഇതിന് ഒരു സിമ്പിൾ ടിപ്പ് പ്രയോഗിച്ചാൽ മാത്രം മതി.
ആദ്യം അപ്പത്തിന്റെ മാവ് തയ്യാറാക്കാം. ഒന്നര കപ്പ് പച്ചരി നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം ആവശ്യമായ വെളളം ചേർത്ത് കുതിർക്കാൻ മാറ്റി വയ്ക്കുക. നാല് മണിക്കൂർ സമയമെങ്കിലും ഇങ്ങനെ വയ്ക്കണം. ശേഷം മിക്സിയുടെ വലിയ ജാറിലേക്ക് കുതിർന്നിരിക്കുന്ന പച്ചരിയും നാല് ടേബിൾ സ്‌പൂൺ തേങ്ങ ചിരകിയതും മൂന്ന് ടേബിൾ സ്‌പൂൺ ചോറും, ഒരു ടേബിൾ സ്‌പൂൺ പഞ്ചസാരയും കാൽ ടീസ്‌പൂൺ ഈസ്റ്റും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
അരച്ചെടുത്ത മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ആവശ്യത്തിന് ഉപ്പ് ചേർത്തതിനുശേഷം എട്ട് മണിക്കൂറോളം മാറ്റിവയ്ക്കുക. എട്ട് മണിക്കൂറിനുശേഷം മാവ് ഒരു തവണ കൂടി നന്നായി ഇളക്കണം. വീണ്ടും ഒരു മണിക്കൂർ കൂടി മാറ്റിവയ്ക്കാം.
ഇനി നല്ല അരിക് മൊരിഞ്ഞ സ്വാദിഷ്ടമായ അപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. മാവിന് കട്ടി കൂടിപോയെങ്കിൽ അൽപം വെള്ളം ചേർത്ത് ഇളക്കിയെടുക്കണം. അപ്പച്ചട്ടി അടുപ്പിൽവച്ച് നല്ലപോലെ ചൂടായതിനുശേഷം മാവ് ഒഴിച്ച് ചുറ്റിക്കണം. ഇനി തീ മീഡിയം ഫ്ളെയിമിലിട്ട് അപ്പത്തിൽ കുമിളകൾ വന്നതിനുശേഷം മാത്രം അടച്ചുവയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോൾ അരിക് നന്നായി മൊരിഞ്ഞുകിട്ടും. ഒന്നോ രണ്ടോ മിനിട്ടിനുശേഷം അപ്പം ചട്ടിയിൽ നിന്നെടുത്ത് ചൂടോടെ കറിക്കൊപ്പം കഴിക്കാം.