റിലേഷന്‍ഷിപ്പിലെ പുതിയ വില്ലന്‍, 'ഫബ്ബിങ്'; അമിതമായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിച്ചോളൂ..

പല പേരുകളിലുള്ള റിലേഷന്‍ഷിപ്പ് ട്രെന്‍ഡുകള്‍ നാം കേട്ടിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് ഒന്ന് കൂടി എത്തുകയാണ്, ഫബ്ബിങ്… എന്താണ് ഫബ്ബിങ്? വേഗതയേറിയ, ഈ ഡിജിറ്റല്‍ യുഗത്തില്‍ ബന്ധങ്ങള്‍ നേരിടുന്ന പുതിയ വെല്ലുവിളിയെന്നാണ് ഫബ്ബിങിനെ വിശേഷിപ്പിക്കുന്നത്. ഒരാള്‍ പങ്കാളിയെ അവഗണിച്ച് ഫോണിന് മുന്‍ഗണന നല്‍കുന്നതിനെയാണ് ഫബ്ബിങ് എന്ന് വിളിക്കുന്നത്. വഞ്ചിക്കുന്നതൊന്നുമല്ലല്ലോ, നിരുപദ്രവകരമായ ശീലമല്ലെ എന്ന് തോന്നാമെങ്കിലും ഫബ്ബിങിന് നിരവധി നെഗറ്റീവ് വശങ്ങളുണ്ട്.
ഒരാളുടെ സൗഹൃദത്തിന് മേലെ ഫോണിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്ന രീതിയാണിത്. പങ്കാളികളോ സുഹൃത്തുക്കളോ തമ്മിലുള്ള അടുപ്പം ഇല്ലാതാക്കാന്‍ പോലും ഫബ്ബിങിന് സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഒരു വ്യക്തിക്ക് മേലെ മുന്‍തൂക്കം ഫോണിന് നല്‍കുന്നതും , അവര്‍ പറയുന്നത് ശ്രദ്ധിക്കാതെ ഫോണില്‍ സ്‌ക്രോള്‍ ചെയ്യാന്‍ ശ്രമിക്കുന്നതും അവരെ അവഗണിക്കുന്നതിന് തുല്യമാണെന്നും, കാലക്രമേണ ആ ബന്ധം ഇല്ലാതാകാന്‍ വരെ കാരണമാകുമെന്നും മന:ശാസ്ത്രജ്ഞര്‍ പറയുന്നു. ഫബ്ബിങ് ബന്ധങ്ങളെ തകര്‍ച്ചയിലേക്ക് നയിച്ചേക്കാം. ഗ്രാസിയ മാഗസിന്‍ നടത്തിയ പഠനം പറയുന്നത്, ഫബ്ബിങ് ദമ്പതികള്‍ക്കിടയില്‍ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ കാരണമാകുന്നുവെന്നാണ്. ചില സന്ദര്‍ഭങ്ങളില്‍ ഇവരുടെ വേര്‍പിരിയലിന് വരെ ഇത് കാരണമാകുന്നുവെന്നും പഠനറിപ്പോര്‍ട്ടിലുണ്ട്.