നാല് മണിക്ക് നല്ല ചൂട് വെട്ടുകേക്കും ചായയും; ഒന്ന് പരീക്ഷിച്ചാലോ?

നാട്ടിൻപുറത്തുകാർക്ക് എന്നും പ്രിയമായിട്ടുള്ള ഒന്നുണ്ട്…വെട്ടുകേക്ക്! അതേ.. നാല് മണിക്ക് നല്ല ചൂട് വെട്ടുകേക്കും ചായയും ഉണ്ടെങ്കിൽ പിന്നെ വേറെന്തു വേണം. ഇതൊക്കെ വായിക്കുമ്പോൾ നല്ല ചൂട് വെട്ടുകേക്ക് കഴിക്കാൻ തോന്നുന്നുണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ ഒന്ന് പരീക്ഷിച്ചാലോ? എങ്കിൽ റെസിപ്പി ഇതാ…
ആവശ്യമായ ചേരുവകൾ
ഗോതമ്പ് പൊടി- ഒന്നര കപ്പ്
പഞ്ചസാര- മുക്കാൽ കപ്പ്
മുട്ട- രണ്ട്
ബേക്കിങ് സോഡ- കാൽ ടീസ്പൂൺ
ഏലയ്ക്ക- നാലെണ്ണം
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
എണ്ണ- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യമായി ഒരു മിക്സിയുടെ ജാറിൽ പഞ്ചസാരയും ഏലയ്ക്കയും കൂടി നന്നായി പൊടിച്ചെടുക്കുക. ശേഷം ഇതിലേക്ക് മുട്ടയും, ബേക്കിംഗ് സോഡയും, മഞ്ഞൾ പൊടിയും കൂടി ചേർത്ത് അരച്ചെടുക്കുക.ഇനി മറ്റൊരു പാത്രത്തിലേക്ക് ഗോതമ്പ് പൊടി എടുക്കണം. ഇനി അരച്ചെടുത്ത കൂട്ട് ഇതിലേക്ക് ചേർത്ത് വെള്ളം ഒട്ടും ചേർക്കാതെ ചപ്പാത്തി മാവിൻറെ പരുവത്തിൽ കുഴച്ചെടുക്കുക.
ഇനി ഇത് ഒരു മണിക്കൂർ നേരം സെറ്റാകാൻ വെക്കണം.ഒരു മണിക്കൂർ കഴിഞ്ഞ് ഇത് ചപ്പാത്തിക്ക് സമാനമായി പരത്തിയെടുക്കാം. ശേഷം ചെറിയ ചതുര കഷണങ്ങളാക്കി മുറിച്ച് രണ്ടേ വശത്തേക്കും വരയണം.അടുത്തതായി ഒരു ഫ്രൈയിങ് പാനെടുത്ത് എണ്ണ ചൂടാക്കുക. തുടർന്ന് കേക്ക് കഷണങ്ങൾ വറുത്തെടുക്കാം. ഇതോടെ രുചികരമായ വെട്ട് കേക്ക് റെഡി.