വിമാന യാത്രയിൽ മൊബൈൽ ഫോൺ എയ്‌റോപ്ലെയ്ൻ മോഡിലേക്കു മാറ്റുന്നത് എന്തിനാണ്?; ഉത്തരം ഇവിടെയുണ്ട്

വിമാനത്തിൽ യാത്ര ചെയ്തവർക്ക് യാത്രയ്ക്കു മുന്നോടിയായുള്ള സുരക്ഷാ നടപടികളെക്കുറിച്ച് അറിയാമായിരിക്കും. കൈവശമുള്ള ഫോണും ലാപ്ടോപും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും എയ്‌റോപ്ലെയ്ൻ മോഡിലേക്കാക്കുക എന്നതാണ് ലഭിക്കുന്ന സുരക്ഷാ നിർദേശങ്ങളിൽ പ്രധാനം. ആകാശയാത്ര ചെയ്യുന്ന സമയത്ത് എന്തിനാണ് സ്മാർട്‌ഫോണുകളും മറ്റും എയ്‌റോപ്ലെയ്ൻ മോഡിലേക്ക് മാറ്റുന്നത്?
എന്തൊക്കെയോ പ്രശ്നമുള്ളതുകൊണ്ടാണ് എയ്‌റോപ്ലെയ്ൻ മോഡിലേക്ക് സ്മാർട്‌ഫോണുകൾ മാറ്റുന്നതെന്നറിയാം. എന്നാൽ പലർക്കും എന്താണാ പ്രശ്നങ്ങളെന്നറിയില്ല. പൊതുവേ വിമാനയാത്രകൾ മറ്റു യാത്രാമാർഗങ്ങളെ അപേക്ഷിച്ച് സുരക്ഷിതമാണ്. ട്രെയിൻ, ബസ്, മോട്ടർസൈക്കിൾ യാത്രകളേക്കാൾ സുരക്ഷിതമാണ് വിമാനയാത്രകളെന്ന് കണക്കുകൾ തെളിയിക്കുന്നുണ്ട്. എങ്കിലും പല തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങൾ വിമാനയാത്രകൾക്കുണ്ട്. അത്തരമൊരു പ്രശ്നമാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ എയ്‌റോപ്ലെയ്ൻ മോഡിലേക്കു മാറ്റുന്നതോടെ പരിഹരിക്കപ്പെടുന്നത്.
സെൽ ടവറുകളുമായി നമ്മുടെ സ്മാർട്‌ഫോൺ ആശയവിനിമയം നടത്തുന്നത് എയ്‌റോപ്ലെയ്ൻ മോഡിലാവുന്നതോടെ അവസാനിക്കുന്നു. മാത്രമല്ല എയ്‌റോപ്ലെയ്ൻ മോഡിലുള്ളപ്പോൾ സ്മാർട്‌ഫോണുകൾക്ക് വൈഫൈ നെറ്റ്വർക്കുകളുമായോ ബ്ലൂടൂത്ത് ഉപകരണങ്ങളുമായോ ബന്ധമുണ്ടാവില്ല. പൊതുവിൽ അങ്ങനെയെങ്കിലും, തങ്ങളുടെ ഉപകരണങ്ങളുടെ എയ്‌റോപ്ലെയ്ൻ മോഡിനു സവിശേഷതയുണ്ടെന്ന് ആപ്പിൾ അവകാശപ്പെടുന്നുണ്ട്. ബ്ലൂടൂത്തും വൈഫൈയും എയ്‌റോപ്ലെയ്ൻ മോഡിലാണെങ്കിലും പ്രവർത്തിപ്പിക്കാമെന്നും എന്നാൽ പ്രത്യേകം ഓണാക്കണമെന്നുമാണ് ആപ്പിളിന്റെ വിശദീകരണം.
ആധുനിക സ്മാർട്ടഫോണുകളിലെല്ലാമുള്ള എയ്‌റോപ്ലെയ്ൻ മോഡുകൊണ്ട് ഉദ്ദേശിക്കുന്നത് ഫോണിൽനിന്നു പുറത്തേക്ക് സിഗ്‌നലുകൾ പോവുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ്. ഫോണിൽ നിന്നുള്ള സിഗ്‌നലുകൾ എയർക്രാഫ്റ്റ് നാവിഗേഷനേയും ലാൻഡിങ് ഗൈഡൻസ് സിസ്റ്റങ്ങളേയുമെല്ലാം സ്വാധീനിക്കും. വിമാനയാത്രയുടെ സുരക്ഷയെ ബാധിക്കാൻ സാധ്യതയുള്ള കാര്യമെന്ന നിലയിലാണ് സ്മാർട്‌ഫോണുകൾ എയ്‌റോപ്ലെയ്ൻ മോഡിലേക്കു മാറ്റണമെന്നു നിർദേശിക്കുന്നത്.