ടിക്കറ്റ് കൗണ്ടര്‍ ഒരിടത്തും സ്റ്റേഷന്‍ മാസ്റ്ററുടെ കാര്യാലയം മറ്റൊരിടത്തും; യാത്രക്കാര്‍ക്ക് കൗതുകമായി ഒരു ബെഞ്ചും: 2 സംസ്ഥാനങ്ങളുടെ അതിര്‍ത്തിയായി റെയില്‍വേ സ്റ്റേഷന്‍

ഇന്ത്യയില്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ വ്യത്യസ്ത്ഥത പുലര്‍ത്തുന്ന ഒരു സ്ഥലമുണ്ട്. രണ്ട് സംസ്ഥാനങ്ങളെ പരസ്പരം വേര്‍തിരിക്കുന്ന ഈ സ്ഥലം സ്ഥിതി ചെയ്യുന്നതാകട്ടെ ഒരു റെയില്‍വേ സ്റ്റേഷനിലും. കേള്‍ക്കുമ്പോള്‍ വളരെ വിചിത്രവും കൗതുകമുണര്‍ത്തുന്നതുമായ ഈ റെയില്‍വേ സ്‌റ്റേഷന്റെ പേര് നവാപൂര്‍ എന്നാണ്.
ഗുജറാത്തിനേയും മഹാരാഷ്ട്രയേയും വേര്‍തിരിക്കുന്ന സ്ഥലമാണ് നവാപൂര്‍ റെയില്‍വേ സ്റ്റേഷന്‍. സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടര്‍ സ്ഥിതി ചെയ്യുന്നത് ഒരിടത്തും സ്റ്റേഷന്‍ മാസ്റ്ററുടെ കാര്യാലയം മറ്റൊരിടത്തുമാണ്. രണ്ട് സംസ്ഥാനങ്ങളേയും വേര്‍തിരിക്കുന്നതിന് മുമ്പ് സ്ഥാപിച്ച റെയില്‍വേ സ്റ്റേഷനായതിനാലാണ് ഇത്തരത്തില്‍ സംഭവിച്ചത്.
നാല് വ്യത്യസ്ത ഭാഷകളിലാണ് ഇവിടെ അറിയിപ്പുകള്‍ അനൗണ്‍സ് ചെയ്യുന്നത്. ഈ വിചിത്രമായ പ്രത്യേകതകള്‍ കാരണം ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയായി മാറിക്കഴിഞ്ഞു. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പുറമേ രാജ്യത്തിന്റെ മറ്റ് പല സ്ഥലങ്ങളില്‍ നിന്ന് ഈ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ ആളുകള്‍ എത്തുന്നുണ്ട്.
അതിര്‍ത്തി വേര്‍തിരിക്കാനായി സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ബെഞ്ച് യാത്രക്കാര്‍ക്ക് കൗതുകമാണ്. അതിര്‍ത്തികളാല്‍ വേര്‍തിരിച്ച രണ്ട് സംസ്ഥാനങ്ങളെ അതിമനോഹരമായി ഒരു റെയില്‍വേ സ്‌റ്റേഷന്‍ യോജിപ്പിച്ച് നിര്‍ത്തുന്ന മനോഹരമായ കാഴ്ചയാണ് യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും നവാപൂര്‍ റെയില്‍വേ സ്റ്റേഷന്‍ സമ്മാനിക്കുന്നത്.
വെസ്റ്റേണ്‍ റെയില്‍വേ സോണിന് കീഴിലെ മുംബയ് ഡിവിഷന് കീഴിലാണ് നവാപൂര്‍ സ്ഥിതി ചെയ്യുന്നത്. ഒൗദ്യോഗിക രേഖകള്‍ അനുസരിച്ച് മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയിലാണ് നവാപൂര്‍ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. 1960 മേയ് മാസം ഒന്നാം തീയതിയാണ് ബോംബെ സ്‌റ്റേറ്റിനെ വിഭജിച്ച് മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ രൂപീകരിച്ചത്.