നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; മരണം 400 കടന്നു, 295 ഇന്ത്യക്കാരുൾപ്പെടെ ആയിരത്തിലേറെ പേരെ കാണാതായി

  1. Home
  2. National

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; മരണം 400 കടന്നു, 295 ഇന്ത്യക്കാരുൾപ്പെടെ ആയിരത്തിലേറെ പേരെ കാണാതായി

nepal


നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 400 കടന്നു. നേപ്പാളിൽ 1400 പേരെയും ടിബറ്റിൽ 558 പേരെയും കാണാതായിട്ടുണ്ട്. ദുരന്തബാധിത പ്രദേശത്തെ ഉപഗ്രഹ ചിത്രങ്ങളിൽ പുതിയൊരു തടാകം രൂപപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് ഭോട്ടേകോഷി നദിയിൽ അധികൃതർ വീണ്ടും പ്രളയ മുന്നറിയിപ്പ് നൽകി. തടാകത്തിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഇത് പൊട്ടാൻ സാധ്യതയുണ്ടെന്നും നദിക്കരകളിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

31 രാജ്യങ്ങളിൽ നിന്നുള്ള 476 വിദേശികളടക്കം 590 വിനോദസഞ്ചാരികളെ കാണാതായിട്ടുണ്ട്. ഇതിൽ 295 പേർ ഇന്ത്യക്കാരാണ്. 33 മലയാളികളെയും ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യക്കാരാരും മരിച്ചതായി ഇതുവരെ സ്ഥിരീകരണമില്ല. മഞ്ഞുമല അടർന്നു വീണതാണ് അതിരൂക്ഷമായ മിന്നൽ പ്രളയത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നേപ്പാളിലെ രക്ഷാപ്രവർത്തനങ്ങളിൽ ഇന്ത്യയും പങ്കുചേരും.

റസുവ, ധാഡിങ്, നുവാകോട്ട്, ചിത്‌വൻ എന്നീ ജില്ലകളെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. നിരവധി ഗ്രാമങ്ങളെയും പട്ടണങ്ങളെയും തകർത്തെറിഞ്ഞ മലവെള്ളപ്പാച്ചിൽ ത്രിശൂലി, നാരായണി നദികളിലേക്കാണ് ഒഴുകിയെത്തിയത്. മേഖലയിലെ ഒട്ടേറെ പാലങ്ങളും ജലവൈദ്യുത പദ്ധതികളും പൂർണ്ണമായി തകർന്നിട്ടുണ്ട്.