പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിൽ; വിമാനത്താവളത്തിലെത്തി സ്വീകരിച്ച് നെതന്യാഹു
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലെത്തി. തെൽ അവീവിലെത്തിയ അദ്ദേഹത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു. സന്ദർശനത്തിനിടെ ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി, ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനൊപ്പം തന്ത്രപ്രധാനമായ പ്രാദേശിക, ആഗോള വിഷയങ്ങളും ചർച്ചയാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷം വിമർശിച്ചത്. ഗസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയെക്കുറിച്ച് പാർലമെന്റ് പ്രസംഗത്തിൽ മോദി പരാമർശിക്കുമോ എന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ചോദിച്ചു. ഇന്ത്യ എന്നും സത്യത്തിനും നീതിക്കും ഒപ്പമാണ് നിലകൊണ്ടതെന്നും അവർ ഓർമ്മിപ്പിച്ചു. ഗസയിലെ ഇസ്രായേൽ അതിക്രമങ്ങൾക്കെതിരെ ലോകം മുഴുവൻ ശബ്ദമുയർത്തുമ്പോൾ നരേന്ദ്ര മോദി "ധാർമ്മിക ഭീരുത്വം" കാണിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി.
