സ്ഥിരം മദ്യപനാണെന്ന കാര്യം മറച്ചുവെച്ച് പോളിസി ആരംഭിച്ചു; ഇന്‍ഷ്യുറന്‍സ് ക്ലെയിം നിഷേധിച്ച നടപടി ശരിവെച്ച് സുപ്രീം കോടതി

  1. Home
  2. National

സ്ഥിരം മദ്യപനാണെന്ന കാര്യം മറച്ചുവെച്ച് പോളിസി ആരംഭിച്ചു; ഇന്‍ഷ്യുറന്‍സ് ക്ലെയിം നിഷേധിച്ച നടപടി ശരിവെച്ച് സുപ്രീം കോടതി

court


മദ്യപാനവുമായി ബന്ധപ്പെട്ട ആരോ​ഗ്യപ്രശ്നത്തിന് ചികിത്സ തേടിയതിന് ഇൻഷ്യുറൻസ് ക്ലെയിം നിഷേധിച്ച നടപടി ശരിവെച്ച് സുപ്രീം കോടതി. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച ഹരിയാന സ്വദേശി മഹിപാലിന്റെ ഭാര്യ സുനിതയുടെ ക്ലെയിമാണ് എൽഐസി നിഷേധിച്ചത്. സ്ഥിരം മദ്യപനാണെന്ന കാര്യം മറച്ചുവെച്ചുകൊണ്ടാണ് പോളിസി ആരംഭിച്ചതെന്ന എല്‍ഐസിയുടെ വാദം ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് ശരിവെച്ചു. ജീവൻ ആരോ​ഗ്യ പോളിസിയെടുത്ത് ഒരു വർഷത്തോളമായപ്പോഴാണ് മഹിപാല്‍ കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം മരിച്ചു. 

പോളിസി പ്ലാനിലെ ഏഴാം വകുപ്പ് (എക്സ് ഐ) ചൂണ്ടിക്കാട്ടിയാണ് ക്ലെയിം നിഷേധിക്കപ്പെട്ടത്. അതായത് സ്വയം വരുത്തിവെക്കുന്ന പരിക്കുകൾ (ആത്മഹത്യശ്രമം), മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോ​​ഗം മൂലമുണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ എന്നിവയുടെ ചികിത്സ ചെലവ് ക്ലെയിം ചെയ്യില്ലെന്ന് ഇതിൽ വ്യക്തമാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ദേശീയ ഉപഭോക്ത തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്തു എൽഐസി സുപ്രിം കോടതിയെ സമീപിച്ചത്. മഹിപാൽ സ്ഥിരം മദ്യപാനിയാണെന്ന് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. മദ്യപാനം മൂലം കരൾ രോ​ഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉപഭോക്ത കമ്മിഷനും പിന്നീട് ദേശീയ ഉപഭോക്ത തർക്കപരിഹാര കമ്മിഷനും 5,21,650 രൂപ നഷ്ടപരിഹാരമായി നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ മൂന്ന് ലക്ഷം രൂപ എൽഐസി നൽകി കഴിഞ്ഞതിനാൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തിരിച്ചുപിടിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു.

News Hub