അജിത് അഗാർക്കർ ചീഫ് സെലക്ടർ സ്ഥാനം ഒഴിയുന്നു? പിൻഗാമിയായി വി.വി.എസ്. ലക്ഷ്മൺ
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്ന യോഗത്തോടെ അജിത് അഗാർക്കർ ബിസിസിഐ ചീഫ് സെലക്ടർ സ്ഥാനം ഒഴിയാൻ സാധ്യത. കരാർ നീട്ടിനൽകുന്ന കാര്യത്തിൽ ബിസിസിഐ നേതൃത്വത്തിൽ നിന്ന് അനുകൂല പ്രതികരണം ലഭിക്കാത്ത സാഹചര്യത്തിലാണ് അഗാർക്കർ സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയ്ക്ക് നന്ദി അറിയിച്ച് അഗാർക്കർ ഇമെയിൽ അയയ്ക്കാൻ ഒരുങ്ങുന്നതായും പിടിഐ റിപ്പോർട്ട് ചെയ്തു.
2023 ജൂലൈയിലാണ് അഗാർക്കർ ചീഫ് സെലക്ടറായി ചുമതലയേറ്റത്. ഈ വർഷം ജൂണിൽ അവസാനിച്ച കരാർ ഒക്ടോബർ നാല് വരെ നീട്ടിനൽകിയിരുന്നു. എന്നാൽ 2027ലെ ഏകദിന ലോകകപ്പ് വരെ കാലാവധി നീട്ടണമെന്നായിരുന്നു അഗാർക്കറുടെ താൽപര്യമെന്നാണ് റിപ്പോർട്ടുകൾ.
2027 ലോകകപ്പിനുള്ള പദ്ധതികളിൽ രോഹിത് ശർമ ഇല്ലെന്ന സെലക്ഷൻ കമ്മിറ്റിയുടെ നിലപാടും ബിസിസിഐ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസവും അഗാർക്കറുടെ കാലാവധി നീട്ടുന്നതിൽ തിരിച്ചടിയായെന്നാണ് സൂചന. അതേസമയം, അഗാർക്കർക്ക് പകരം വി.വി.എസ്. ലക്ഷ്മണെ ചീഫ് സെലക്ടറായി പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ കാലയളവിൽ ഇന്ത്യൻ ടീമിന് ശ്രദ്ധേയമായ നേട്ടങ്ങളും ഉണ്ടായി. 2024, 2026 ടി20 ലോകകപ്പ് കിരീടങ്ങൾ, 2025ലെ ചാമ്പ്യൻസ് ട്രോഫി, ദുബായിൽ നടന്ന ഏഷ്യാ കപ്പ് എന്നിവ ഇന്ത്യ സ്വന്തമാക്കി. വിരാട് കോലി, രോഹിത് ശർമ, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ പ്രമുഖർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഘട്ടത്തിലും ടീമിന്റെ മാറ്റത്തിന് നേതൃത്വം നൽകുന്നതിൽ സെലക്ഷൻ കമ്മിറ്റിക്ക് നിർണായക പങ്കുണ്ടായി.
