രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ പാക് താരങ്ങൾക്ക് ഇന്ത്യയിലേക്ക് വരാം
ഒന്നിൽക്കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങൾക്കായി പാകിസ്ഥാൻ കായിക താരങ്ങൾക്കും ഓഫീഷ്യൽസിനും ഇന്ത്യയിലേക്ക് വരാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. രണ്ടിലധികം രാജ്യങ്ങളുടെ പോരാട്ടങ്ങൾ, രാജ്യാന്തര മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്ന താരങ്ങൾക്കാണ് അനുമതി. പാക് കായിക താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫുകൾക്കുമുള്ള വിസ നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
അതേസമയം പാകിസ്ഥാനിൽ നടക്കുന്ന രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പാകിസ്ഥാനുമായി ഉഭയകക്ഷ കായിക പോരാട്ടങ്ങൾ നടത്തില്ലെന്ന മുൻ നിലപാട് കായിക മന്ത്രാലയം ആവർത്തിച്ചു.പഹൽഗാം ആക്രമണവും പിന്നാലെ അരങ്ങേറിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടികളും ഇന്ത്യ- പാക് ബന്ധം കൂടുതൽ വഷളാക്കിയിരുന്നു. പിന്നാലെയാണ് ഇന്ത്യ കായിക മേഖലയിലടക്കം കടുത്ത നിലപാടുകൾ സ്വീകരിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങൾ വേദി എവിടെയാണെന്നു പരിഗണിക്കാതെ വിലക്ക് തുടരും. ഇന്ത്യ- പാക് പോരാട്ടങ്ങൾ മറ്റു രാജ്യത്തു വച്ച് നടത്താനുള്ള ശ്രമങ്ങൾക്കു കേന്ദ്ര നയം തിരിച്ചടിയാകും. ഈ തീരുമാനം ഇന്ത്യ- പാക് ക്രിക്കറ്റിനെയടക്കം ബാധിച്ചേക്കാൻ സാധ്യതയുണ്ട്.
