തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു, മത്സരിക്കാനാകില്ല
തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ ഗതാഗതമന്ത്രിയും ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവുമായ ആന്റണി രാജുവിന് തിരിച്ചടി. വിചാരണ കോടതി വിധിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ മരവിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത തുടരും. ശിക്ഷാ നടപടികൾ സ്റ്റേ ചെയ്ത് അയോഗ്യത നീക്കിക്കിട്ടാനായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചതെങ്കിലും കോടതി അനുകൂല നിലപാട് സ്വീകരിച്ചില്ല. നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയും സമാനമായ രീതിയിൽ അദ്ദേഹത്തിന്റെ അപേക്ഷ തള്ളിയിരുന്നു. തിരുവനന്തപുരം സെൻട്രലിൽ നിന്ന് വീണ്ടും ജനവിധി തേടാനിരുന്ന ആന്റണി രാജുവിനും ഇടതുമുന്നണിക്കും കോടതി വിധി വലിയ രാഷ്ട്രീയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് ലഹരിമരുന്ന് കേസിലെ പ്രതിയായ വിദേശ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. മുപ്പത് വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മൂന്ന് വർഷം തടവിന് അദ്ദേഹത്തെ ശിക്ഷിച്ചത്. കേരള നിയമസഭാ ചരിത്രത്തിൽ ഒരു ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് എം.എൽ.എ. സ്ഥാനം നഷ്ടമാകുന്ന ആദ്യത്തെ ജനപ്രതിനിധിയായി ഇതോടെ ആന്റണി രാജു മാറി. കേസിൽ രണ്ടാം പ്രതിയായ ആന്റണി രാജുവിനൊപ്പം ഒന്നാം പ്രതിയായ കോടതി ക്ലർക്ക് കെ.എസ്. ജോസിനും മൂന്ന് വർഷം തടവ് വിധിച്ചിരുന്നു. നിലവിൽ ഇരുവരും ജാമ്യത്തിലാണെങ്കിലും ശിക്ഷാ വിധി നിലനിൽക്കുന്നത് തിരഞ്ഞെടുപ്പ് മോഹങ്ങൾക്ക് തടസ്സമാകും.
കോടതി വിധി വന്നതോടെ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ആര് സ്ഥാനാർത്ഥിയാകും എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ആന്റണി രാജുവിന് കോടതിയിൽ നിന്ന് ഇളവ് ലഭിക്കുമെന്നും അദ്ദേഹം തന്നെ മത്സരിക്കുമെന്നുമായിരുന്നു ജനാധിപത്യ കേരളാ കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ അയോഗ്യത തുടരുന്ന സാഹചര്യത്തിൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താൻ പാർട്ടി നിർബന്ധിതമായിരിക്കുകയാണ്. ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചർച്ചകളിലും ഈ വിധി നിർണ്ണായക സ്വാധീനം ചെലുത്തും. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകൾ എൽ.ഡി.എഫിൽ സജീവമാകും.
