മന്ത്രിസ്ഥാനവും എഎപിയുടെ പാർട്ടി പ്രാഥമികാംഗത്വവും രാജിവച്ച് ബിജെപിയിൽ ചേർന്ന് കൈലാഷ് ഗെലോട്ട്
മന്ത്രിസ്ഥാനവും ആം ആദ്മി പാർട്ടിയുടെ (എഎപി) പാർട്ടി പ്രാഥമികാംഗത്വവും രാജിവച്ച മുതിർന്ന നേതാവ് കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്തു നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനു 4 മാസം മാത്രം ബാക്കിനിൽക്കെയാണ് പാർട്ടിയെ പ്രതിരോധത്തിലാക്കി കൈലാഷ് ഗെലോട്ട് അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തിയത്. ആഭ്യന്തരം, ഭരണപരിഷ്കാരം, ഐടി, വനിതാ ശിശു വികസനം എന്നീ വകുപ്പുകളുടെ ചുമതലയാണ് വഹിച്ചിരുന്നത്.
‘‘അദ്ദേഹം സ്വതന്ത്രനാണ്, താൽപര്യമുള്ള എവിടെ വേണമെങ്കിലും പോകാം’’ എന്നായിരുന്നു പാർട്ടി കൺവീനർ അരവിന്ദ് കേജ്‍രിവാൾ പ്രതികരിച്ചത്. വാഗ്ദാനങ്ങൾ പാലിക്കാതെ അനാവശ്യ വിവാദങ്ങൾക്കു പിന്നാലെയാണ് നിലവിൽ പാർട്ടിയെന്ന് എഎപി കൺവീനർ കേജ്‌രിവാളിനു നൽകിയ രാജിക്കത്തിൽ ഗെലോട്ട് ആരോപിച്ചിരുന്നു.
ജനങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്നതിനുപകരം നേതാക്കൾ സ്വന്തം അജൻഡകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും കത്തിൽ വ്യക്തമാക്കി. ഗെലോട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം നേരിടുന്നുണ്ടെന്നും ബിജെപിയിൽ ചേരുകയല്ലാതെ മറ്റു മാർഗമില്ലെന്നുമായിരുന്നു എഎപി നേതാക്കളുടെ പ്രതികരണം.